തീരുമാനം മാറ്റി; മുംബൈക്കായി കളിക്കാൻ അനുവദിക്കണം: അപേക്ഷയുമായി ജയ്സ്വാൾ
Friday, May 9, 2025 9:50 PM IST
മുംബൈ: ആഭ്യന്തരക്രിക്കറ്റില്‍ മുംബൈ വിട്ട തീരുമാനം യശസ്വി ജയ്സ്വാള്‍ പിൻവലിച്ചതായി സൂചന. അടുത്ത സീസണില്‍ മുംബൈക്കായി കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. ഗോവയിലേക്ക് ചേക്കേറാൻ യശസ്വി നീക്കങ്ങൾ നടത്തിയിരുന്നു.
ടീം മാറാനായി എന്‍ഒസി ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഇ-മെയില്‍ അയച്ചതിന് പിന്നാലെയാണ് താരം തീരുമാനം മാറ്റിയത്. കഴിഞ്ഞ ഏപ്രിലിലാണ് ജയ്സ്വാൾ മുംബൈ വിട്ട് ഗോവയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായുള്ള വാർത്ത പുറത്തുവന്നത്.
എന്‍ഒസി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും മുംബൈ ക്രിക്കറ്റ് അസോസിയേഷന് ജയ്സ്വാള്‍ മെയില്‍ അയച്ചിട്ടുണ്ട്. അടുത്ത സീസണില്‍ മുംബൈക്കായി കളിക്കാന്‍ സന്നദ്ധനാണെന്നും യുവതാരം അറിയിച്ചിട്ടുണ്ട്.
ഗോവയിലേക്ക് മാറാൻ കുടുംബപരമായ പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും അത് വെട്ടിച്ചുരുക്കിയതായും തനിക്ക് നൽകിയ എൻഒസി പിൻവലിക്കുവാനുള്ള അഭ്യർഥന പരിഗണിക്കണമെന്നും ജയ്സ്വാൾ അയച്ച ഇ-മെയിലിൽ പറയുന്നു.