അതിർത്തിയിൽ ഡ്രോൺ ആക്രമണവും വെടിവയ്പ്പും; തിരിച്ചടിച്ച് ഇന്ത്യ
Friday, May 9, 2025 8:35 PM IST
ശ്രീനഗർ: അതിർത്തി മേഖലയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുവിന്റെ നഗരമേഖല കേന്ദ്രീകരിച്ച് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡ്രോണുകൾ വന്നതിനു പിന്നാലെ ഇന്ത്യൻ സൈന്യം അതി ശക്തമായ രീതിയിൽ തിരിച്ചടി നൽകി.
അപായ സൈറൺ മുഴങ്ങിയതിനെ തുടർന്ന് ആളുകൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. കഴിഞ്ഞ 15 മിനിറ്റിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഡ്രോൺ ആക്രമണം നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആകാശത്ത് വച്ച് തന്നെ ഡ്രോണുകളെ നിർവീര്യമാക്കിയതിനാൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

ജമ്മു നഗരം, ഫിറോസ്പൂർ, അംബാല, പഞ്ച്കുല, ഫിറോസ്പൂർ, സാംബ, അമൃത്സർ, പഞ്ചാബിലെ പത്താൻകോട്ടിലും ഡ്രോണുകളെത്തിയെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യോമസേനയുടെ പ്രധാന ബേസാണ് പത്താൻകോട്ട്. പത്താൻകോട്ട് ലക്ഷ്യമിട്ട് ഇന്നലെയും ഡ്രോണുകൾ എത്തിയിരുന്നു.
ഡ്രോൺ ആക്രമണത്തിനു പിന്നാലെ അതിർത്തിയിൽ അതിരൂക്ഷമായ വെടിവെപ്പും നടക്കുന്നുണ്ട്. താംഗ്ധർ, കേരൻ, അഖ്നൂർ, എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടക്കുന്നത്. അതേസമയം മൂന്ന് സേനാമേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി.
സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു. ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് ചുട്ടമറുപടി നൽകണമെന്ന് പ്രധാനമന്ത്രി സൈന്യത്തിനു നിർദേശം നൽകി.
പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ കാമാഹി ദേവി ഗ്രാമത്തിനടുത്തുള്ള വയലുകളിൽനിന്ന് മിസൈലിന്റെ ഭാഗങ്ങളോട് സാമ്യമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ലോഹ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും മിസൈലിന്റെ അവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനമെന്നും ഹോഷിയാർപുർ പോലീസ് സൂപ്രണ്ട് മുകേഷ് കുമാർ പറഞ്ഞു. വ്യോമസേന സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം അവശിഷ്ടങ്ങൾ ശേഖരിച്ചു.