കറാച്ചി തുറമുഖത്ത് മിസൈൽ വീണു; കനത്തനാശം
Friday, May 9, 2025 12:08 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനെതിരെ കര, വ്യോമ, നാവിക സേനകൾ ആക്രമണം ശക്തമാക്കി. നാവികസേന നടത്തിയ മിസൈൽ ആക്രമണത്തിൽ കറാച്ചി തുറമുഖത്ത് കനത്തനാശമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ നാവികസേന കറാച്ചി ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഐഎൻസ് വിക്രാന്ത് അടക്കം കാർവാർ മേഖലയിലുണ്ട്. ജമ്മുവിലും പഞ്ചാബിലും പാക്കിസ്ഥാൻ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തിരുന്നു. രണ്ട് ജെഎഫ് 17യുദ്ധവിമാനങ്ങൾ, ഒരു എഫ് 16 യുദ്ധവിമാനം എന്നിവയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചു വീഴ്ത്തിയത്.
ഉദ്ദംപൂരിൽ നടന്ന പാക്കിസ്ഥാൻ ഡ്രോൺ ആക്രമണങ്ങളും ഇന്ത്യ പരാജയപ്പെടുത്തി. പൂഞ്ചിലേക്ക് പാക്കിസ്ഥാൻ അയച്ച രണ്ട് കാമികാസെ ഡ്രോണുകളും ഇന്ത്യ നിഷ്പ്രഭമാക്കി. അഖ്നൂറിൽ ഒരു ഡ്രോൺ വെടിവച്ചു വീഴ്ത്തി. നിരവധി പാക് മിസൈലുകളും റോക്കറ്റുകളും ഇന്ത്യ തകർത്തു.
ജമ്മു സിവിൽ വിമാനത്താവളം, സാംബ, ആർഎസ് പുര, അർനിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് എട്ട് മിസൈലുകളാണ് പാക്കിസ്ഥാൻ തൊടുത്തുവിട്ടത്.