ഹബേമൂസ് പാപ്പാം (നമുക്ക് പാപ്പായെ ലഭിച്ചു)
Thursday, May 8, 2025 9:42 PM IST
വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ മാര്‍പാപ്പയെ ലഭിച്ചു. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ കൂടിയ കര്‍ദിനാളന്മാരുടെ യോഗത്തിലെ രണ്ടാം ദിവസം ഉച്ചക്കുശേഷം നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്.
ഇതേ തുടര്‍ന്നു വിവരം അറിയിച്ചുകൊണ്ട് സിസ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുകയുയര്‍ന്നു. ഇതോടെ പുറത്തുകൂടി നിന്ന വിശ്വാസികള്‍ ഹര്‍ഷാരവം മുഴക്കി. കത്തോലിക്കാസഭയുടെ 267 -ാമത്തെ തലവനെ തെരഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ട് പള്ളിമണികളും മുഴങ്ങി.
കർദിനാൾമാരിൽ ആരാണു പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന വിവരം പുറത്തുവന്നിട്ടില്ല. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി തടിച്ചുകൂടിയത്.
വത്തിക്കാന്‍ ന്യൂസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സിസ്റ്റൈൻ ചാപ്പലിന് മുകളിലൂടെ വെള്ളപ്പുകയുയരുന്ന ചിത്രം സഹിതം വാര്‍ത്ത പങ്കുവച്ചത്. സിസ്റ്റൈൻ ചാപ്പലിൽ ഒത്തുകൂടിയ 133 കർദിനാൾമാരാണ് പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാനപ്പെട്ട ജനവാതിലിലൂടെ പുറത്തേക്ക് വരുമ്പോൾ മാത്രമേ ആരാണ് പുതിയ മാര്‍പ്പാപ്പയെന്ന് ലോകത്തിന് അറിയാന്‍ കഴിയൂ.