പൊതു സ്വതന്ത്രനോ, മണ്ഡലത്തിലെ നേതാവോ; നിലമ്പൂരില്‍ ആശയക്കുഴപ്പത്തില്‍ സിപിഎം
സ്വന്തം ലേഖകന്‍
Thursday, May 8, 2025 9:14 PM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കം ശക്തമാക്കി സിപിഎം. തെരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം നിലന്പൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്നെങ്കിലും സ്ഥാനാർഥി നിർണയത്തിൽ വ്യക്തതയായില്ല. നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടാൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2026 മേയ് മാസത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത വെല്ലുവിളിയാകും.
കൂടാതെ പി.വി. അൻവറിന് സിപിഎമ്മിന് എതിരേയുള്ള പോരാട്ടത്തിനു വീര്യം കൂടും. ഈ സാഹചര്യത്തിൽ നിലന്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാനുള്ള കരുനീക്കങ്ങളാണ് സിപിഎം നടത്തുന്നത്. മണ്ഡലത്തിലെ നേതാക്കളെ മറികടന്ന് പൊതുസ്വതന്ത്രനെ രംഗത്തിറക്കുന്നത് എത്രകണ്ട് ഗുണകരമാകുമെന്ന ചിന്തയും നേതൃത്വത്തിനുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു സമയത്തും ഉണ്ടാകുന്ന സാഹചര്യത്തിലാണ് യോഗം പെട്ടെന്ന് വിളിച്ചു ചേർത്തത്. 10 ബൂത്തുകൾ, ഒരു ക്ലസ്റ്റർ എന്ന കണക്കിലാണ് ഒരോ നേതാക്കൾക്കും ചുമതല നൽകുന്നത്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ നിശ്ചയം വന്നശേഷം സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാമെന്ന നിലപാടാണ് യോഗത്തില്‍ ഭൂരിഭാഗം പേരും ഉയര്‍ത്തിയതെന്നാണ് വിവരം.
ഇക്കുറി നിലന്പൂർ നിലനിർത്തുക എന്നത് പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും പ്രസ്റ്റീജ് വിഷയമാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നിലന്പൂരിൽ യോഗം ചേർന്നത് തന്നെ ഇതിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നതാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ക്ലസ്റ്റർ തിരിച്ച് നേതാക്കൾക്ക് ചുമതലയും നൽകി.
യോഗത്തിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജീവ ചർച്ചയാണ് നടന്നത്. സംസ്ഥാന സെക്രട്ടറിക്ക് പുറമെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കെ. രാധാകൃഷ്ണൻ എംപി, എം.വി. ജയരാജൻ, സി.എസ്. സുജാത, കെ.കെ. ശൈലജ, എം. സ്വരാജ്, ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ പങ്കെടുത്തു.