കെ. സുധാകരനെ മാറ്റി; സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ
Thursday, May 8, 2025 6:11 PM IST
തിരുവനന്തപുരം: മുതിർന്ന നേതാവും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനായി നിയമിച്ചു. കെ. സുധാകരനെ പ്രവർത്തക സമിതി ക്ഷണിതാവാക്കി. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറാക്കി.
പി.സി. വിഷ്ണുനാഥ്, എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. 2011മുതൽ പേരാവൂരിൽ നിന്നുള്ള എംഎൽഎ ആണ് സണ്ണി ജോസഫ്. യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനുമാണ് അദ്ദേഹം.
ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് പ്രസിഡന്റ് വേണമെന്ന അഭിപ്രായത്തിനായിരുന്നു കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ആശയവിനിമയത്തില്‍ മേല്‍ക്കൈ. എ.കെ. ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് വിലയിരുത്തല്‍.
ക്രൈസ്തവ വോട്ടുകള്‍ നേരിയ തോതിലാണെങ്കിലും ബിജെപിയിലേക്ക് ചായുന്നെന്ന വിലയിരുത്തലുമുണ്ട്. സുധാകരനെ മാറ്റുമ്പോള്‍ ഈഴവ വിഭാഗത്തില്‍നിന്നുണ്ടാകാവുന്ന എതിര്‍പ്പും കണക്കിലെടുത്തു. അതുകൊണ്ടാണ് ഈഴവ വിഭാഗത്തില്‍നിന്ന് പരിഗണിക്കപ്പെട്ട അടൂര്‍ പ്രകാശിന് യുഡിഎഫ് കൺവീനർ സ്ഥാനം നൽകിയത്.