ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷം; നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം
Thursday, May 8, 2025 1:06 AM IST
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍. ഇരു രാജ്യങ്ങളും ‘പരമാവധി സംയമനം പാലിക്കാനും’ നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാനും ഖത്തര്‍ ആവശ്യപ്പെട്ടു.
നല്ല അയല്പക്ക സൗഹൃദത്തിന്റെ തത്വങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ തുറന്നിടേണ്ടതിന്റേയും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ക്രിയാത്മകമായ സംഭാഷണത്തിലൂടെ പരിഹരിക്കേണ്ടതിന്റെയും ആവശ്യകത വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
സമഗ്രവും സമവായപരവും സുസ്ഥിരവുമായ പരിഹാരങ്ങളിലേക്ക് ഇത് ആത്യന്തികമായി നയിക്കും.മേഖലയിലെ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ ഉറപ്പുവരുത്താന്‍ ലക്ഷ്യമാക്കിയുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണ പ്രസ്താവനയില്‍ പറഞ്ഞു.
ബുധനാഴ്ച ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കറുമായി ഫോണില്‍ സംസാരിച്ചിരുന്നു.
ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം പരിഹരിക്കുന്നതിനുള്ള നയതന്ത്ര മാര്‍ഗങ്ങളെക്കുറിച്ച് ഇരു ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തു. പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ളഎല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണയും ഷെയ്ഖ് മുഹമ്മദ് ആവര്‍ത്തിച്ചു.