ഓപ്പറേഷൻ സിന്ദൂർ: ലക്ഷ്യമിട്ടത് നടപ്പാക്കിയെന്ന് പ്രതിരോധമന്ത്രി
Wednesday, May 7, 2025 5:03 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ലക്ഷ്യമിട്ടത് തന്നെയാണ് നടപ്പാക്കിയതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചെയാണ് ഓപ്പേറഷൻ സിന്ദൂർ സൈന്യം നടപ്പാക്കിയത്. പാകിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.
"ലക്ഷ്യമിട്ടത് നടപ്പാക്കി. എന്നാൽ സാധാരണക്കാരെ നമ്മൾ ആക്രമിച്ചിട്ടില്ല. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടത്.'-രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചതെന്നും സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.