എല്ലാം നിരീക്ഷിച്ച് പ്രധാനമന്ത്രി; പേര് നിര്‍ദേശിച്ചതും മോദി
Wednesday, May 7, 2025 9:28 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ തിരിച്ചടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിൽ. രാത്രിയുടനീളം മോദി ഓപ്പറേഷൻ നിരീക്ഷിച്ചുവെന്നാണ് വിവരം. സൈനിക മേധാവിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു.
സൈനിക നടപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നിർദേശിച്ചതും പ്രധാനമന്ത്രിയാണ്. അതേസമയം കര,നാവിക,വ്യോമസേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു.
ആക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. 600 ഭീകരരെയാണ് ലക്ഷ്യം വച്ചതെന്നാണ് സൂചന.
ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു.