ഇന്ത്യ ലക്ഷ്യമിട്ടത് ലഷ്കർ, ജെയ്ഷെ മുഹമ്മദ് ഭീകരരെ; നീതി നടപ്പാക്കിയെന്ന് സൈന്യം
Wednesday, May 7, 2025 5:17 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലും പാക് അധീന കാഷ്മീരിലും ഇന്ത്യ നടത്തിയ ആക്രമണത്തിൽ ലക്ഷ്യമിട്ടത് ലഷ്കറെ തൊയിബ, ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനകളുടെ കേന്ദ്രങ്ങളെ. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട ദൗത്യത്തിൽ 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുസാഫർബാദ്, ബഹവൽപുർ, കോട്ലി, മുരിഡ്ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ലഷ്കറെ തൊയിബയുടെ ആസ്ഥാനമാണ് മുരിഡ്ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ. ആക്രമണത്തിന് പിന്നാലെ നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു
പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങൾ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തിൽ കൂടുതൽ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. കര-വ്യോമസേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. രാവിലെ പത്തിന് വാർത്താസമ്മേളനം നടത്തുമെന്ന് സൈന്യം അറിയിച്ചു.
ഇന്ത്യ ആക്രമിച്ചതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു. കൂടാതെ, അതിർത്തിയിൽ പാക് സൈന്യം ഷെല്ലാക്രമണവും നടത്തി.