അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു; യാത്രയെ ബാധിക്കുമെന്ന് വിമാനകമ്പനികൾ
Wednesday, May 7, 2025 5:03 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ അതിർത്തി മേഖലകളിലെ വിമാനത്താവളങ്ങൾ അടച്ച് ഇന്ത്യ. ധർമശാല, ലേ, ശ്രീനഗർ, അമൃത്സർ വിമാനത്താവളങ്ങൾ അടച്ചു. നിലവിലെ പ്രതിസന്ധി മറ്റ് സ്ഥലങ്ങളിലെ വിമാനത്താവളങ്ങളെ ബാധിക്കില്ലെന്നാണ് സൂചന.
അതേസമയം, ധർമശാല, ലേ, ശ്രീനഗർ, ജമ്മു, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള യാത്രയെ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ഇവിടേക്ക് യാത്ര ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർ സ്പൈസ് ജെറ്റുമായി ബന്ധപ്പെടണമെന്നും കാര്യങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
ധർമശാല, ലേ, ശ്രീനഗർ, ജമ്മു, അമൃത്സർ, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയെ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോയും അറിയിച്ചു. ഈ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരും ഇവിടെ നിന്നും യാത്ര പുറപ്പെടാൻ ഒരുങ്ങുന്നവരും ഇൻഡിഗോയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും വ്യക്തമാക്കി.