വേടന്റെ പുലിപ്പല്ല് കേസ്; റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം
Tuesday, May 6, 2025 6:11 PM IST
കൊച്ചി: റാപ്പര്‍ വേടനെ പുലിപ്പല്ലുമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ച റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി. കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ മന്ത്രി എ.കെ.ശശീന്ദ്രന് ഉത്തരവിട്ടു.
പ്രതിക്ക് ശ്രീലങ്കന്‍ ബന്ധമുണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് ശരിയായ അന്വേഷണ രീതിയല്ല. വകുപ്പുതല അന്വേഷണത്തിന് വിധേയമായിട്ടാണ് സ്ഥലം മാറ്റമെന്നും മന്ത്രി പറഞ്ഞു.
വേടനെപ്പറ്റി മാധ്യമങ്ങളുടെ മുന്നില്‍ അധീഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അതിരുവിട്ടതാണെന്ന് വനം മേധാവി മന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി.
വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.