ഗവര്‍ണര്‍ക്കെതിരായ ഹർജി പിന്‍വലിക്കാനൊരുങ്ങി കേരളം; എതിർത്ത് കേന്ദ്രം
Tuesday, May 6, 2025 1:01 PM IST
ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ ഗവര്‍ണര്‍ക്കെതിരെ നല്കിയ ഹര്‍ജി പിന്‍വലിക്കാന്‍ കേരളം സുപ്രീംകോടതിയുടെ അനുമതി തേടി. നിലവില്‍ ഗവര്‍ണറുടെ പരിഗണനയില്‍ ബില്ലുകള്‍ ഇല്ലെന്നും അതിനാല്‍ തങ്ങളുടെ ഹര്‍ജി അപ്രസക്തമായെന്നുമായിരുന്നു കേരളത്തിന്റെ വാദം.
ഹര്‍ജി പിന്‍വലിക്കുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഹര്‍ജികള്‍ ചൊവ്വാഴ്ച്ച പരിഗണിക്കാനായി മാറ്റി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരേ കേരളം സുപ്രീംകോടതിയില്‍ രണ്ട് ഹര്‍ജികളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഗവര്‍ണര്‍ക്കെതിരായ ആദ്യ ഹര്‍ജിയാണ് പിന്‍വലിക്കാന്‍ അനുമതി തേടിയത്.
ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത് ചോദ്യം ചെയ്താണ് രണ്ടാമത്തെ ഹര്‍ജി. ഈ ഹര്‍ജി നിലനില്‍ക്കുമെന്നും കേരളം കോടതിയെ അറിയിച്ചു.
എന്നാൽ ഇങ്ങനെ നിസാരമായി ഹര്‍ജികള്‍ ഫയല്‍ ചെയ്യാനും പിന്‍വലിക്കാനും സാധിക്കില്ലെന്നും ഇത് ഭരണഘടനാപരമായ പ്രശ്നമാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയിൽ എതിര്‍പ്പറിയിച്ചു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രധാനമായ ചില വിഷയങ്ങളുണ്ടെന്നും അതിനാല്‍ അതില്‍ വിശദമായ വാദം കേള്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഹര്‍ജി പിന്‍വലിക്കാനുള്ള അവകാശം ഹര്‍ജിക്കാര്‍ക്കാണുള്ളതെന്ന് കേരളത്തിന്റെ സീനിയര്‍ അഭിഭാഷകന് കെ.കെ. വേണുഗോപാല്‍ കോടതിയിൽ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്നുമാസത്തിനകം ഗവർണർ തീരുമാനമെടുക്കണമെന്ന് തമിഴ്നാട് നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ബാധകമാകുമെന്നുമാണ് കേരളത്തിന്റെ വാദം.