നന്തൻകോട് കൂട്ടക്കൊലക്കേസ്; വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി
Tuesday, May 6, 2025 12:01 PM IST
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിലെ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വാദം കേട്ടത്.
കേദൽ ജിൻസൺ രാജയാണ് കേസിലെ ഏക പ്രതി. ഇയാളുടെ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടിൽവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രഫ.രാജ തങ്കം, മകൾ കരോളിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിങ്ങനെ നാലു പേരാണ് കൊല്ലപ്പെട്ടത്.
അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പകയാണ് കൊലപാതക കാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിക്ക് യാതൊരു തരത്തിലുള്ള മാനസിക പ്രശ്നങ്ങളുമില്ലെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വിചാരണ ആരംഭിച്ചത്.
ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്റെ പരീക്ഷണമാണ് കൊലയെന്നാണ് പ്രതി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കുടുംബക്കാരോടുള്ള പകയാണ് കൊലയുടെ കാരണമെന്നാണ് പോലീസിന്റെ കുറ്റപത്രവും പ്രോസിക്യൂഷന്റെ വാദവും.
2017 ഏപ്രിൽ അഞ്ചിനായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിനുശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പിടിയിലായത്.