പൊള്ളാച്ചിയിൽ മലയാളി ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
Tuesday, May 6, 2025 10:02 AM IST
ചെന്നൈ: പൊള്ളാച്ചി ടോപ് സ്ലിപ്പ് ഭാഗത്ത് ട്രക്കിംഗിന് എത്തിയ മലയാളി ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചാത്തൻപാറ പൂന്തോട്ടത്തിൽ ഡോ. അജ്സൽ എ.സൈൻ (26) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. തിരുവനന്തപുരത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ അജ്സൽ സുഹൃത്തിനൊപ്പം തമിഴ്നാട് ട്രിക്കിങ് ടൂറിസം പദ്ധതിയിൽ രജിസ്റ്റർ ചെയ്താണ് ആനമല കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പ്- പണ്ടാരവരെ- കരിയൻചോല- സെക്ഷനിൽ ട്രക്കിംഗിന് എത്തിയത്.
ഗൈഡുമാരുടെ സഹായത്തോടെ ട്രക്കിംഗ് പൂർത്തിയാക്കിയ ഇരുവരും വൈകീട്ട് നാലരയോടെയാണ് ടോപ് സ്ലിപ്പിലെത്തിയത്. കുറച്ചു നേരം വിശ്രമിക്കാനായി ഇരുന്ന അജ്സൽ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ വനം വകുപ്പിന്റെ ആംബുലൻസിൽ വേട്ടക്കാരൻപുതൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അജ്സലിന്റെ വീട്ടുകാരുടെ പരാതിയിൽ ആനമല പോലീസ് കേസെടുത്തിട്ടുണ്ട്. മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ഫോർ കോസ്റ്റൽ ഏരിയ ചെയർമാൻ എ സൈനുലാബുദ്ദീന്റെ മകനാണ് അജ്സൽ. കെ.എം.അനീസ ബീവി (റിട്ട. പ്രധാനധ്യാപിക)യാണ് അജ്സലിന്റെ മാതാവ്. സഹോദരൻ: ഡോ. അജ്മൽ എ.സൈൻ.