യുവേഫ ചാമ്പ്യന്‍സ് ലീഗ്; ക്ലാസിക് പോരാട്ടം ഇന്ന്
Tuesday, May 6, 2025 4:31 AM IST
മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണിലെ ക്ലാസിക് പോരാട്ടത്തിന് മിലാനിലെ സാന്‍ സിറോ സ്റ്റേഡിയം ഇന്ന് വേദിയാകും. സ്പാനിഷ് ചന്തവുമായെത്തുന്ന എഫ്സി ബാഴ്സലോണയും ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമി പോരാട്ടമാണ് സാന്‍ സിറോയില്‍ അരങ്ങേറുക.
ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് കിക്കോഫ്. ജയിക്കുന്ന ടീം ഫൈനല്‍ കളിക്കും എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ബാഴ്സലോണയില്‍ നടന്ന ആദ്യപാദം 3-3 സമനിലയില്‍ പിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഫൈനല്‍ ടിക്കറ്റിനായി ഫൈനലിനു തുല്യ പോരാട്ടത്തിനായാണ് ഇരുടീമും കളത്തിലിറങ്ങുക.
ഇറ്റലിയില്‍ ബാഴ്സലോണയുടെ ചാമ്പ്യന്‍സ് ലീഗ് ചരിത്രം അത്ര സുഖകരമല്ല. ഇന്റര്‍ മിലാന് എതിരായ ആറ് എവേ പോരാട്ടത്തില്‍ ഒരെണ്ണത്തില്‍ മാത്രമാണ് എഫ്സി ബാഴ്സലോണയ്ക്കു ജയിക്കാന്‍ സാധിച്ചത്.
ഇറ്റലിയില്‍ 24 എവേ പോരാട്ടങ്ങള്‍ കളിച്ചതില്‍ അഞ്ച് ജയം മാത്രമാണ് ബാഴ്സ ഇതുവരെ ആകെ നേടിയത്. വിജയ ശതമാനം 21. ഇരുടീമും അവസാനം നേര്‍ക്കുനേര്‍ ഇറങ്ങിയ രണ്ടു മത്സരവും 3-3 സമനിലയിലാണ് കലാശിച്ചത്.