ഹരിപ്പാട് വീയപുരത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം
Monday, May 5, 2025 9:02 PM IST
ഹരിപ്പാട്: വീയപുരത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. വീയപുരം ചെറുതന ആയാപറമ്പ് പുളിവേലിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്.
കാണിക്ക മണ്ഡപത്തിന്റെ പൂട്ട് തകർത്ത് ഉള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പിന്റെ കാണിക്കവഞ്ചി ക്ഷേത്ര പാചകപ്പുരയിൽ എത്തിച്ച് കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. ചുറ്റുമതിലുള്ള ക്ഷേത്രത്തിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.
ജീവനക്കാർ ക്ഷേത്രത്തിലെത്തി പതിവ് ജോലികൾക്ക് ശേഷം പാചകപ്പുരയിൽ ചെന്നപ്പോഴാണ് അവിടെ കാണിക്കവഞ്ചി കിടക്കുന്നത് കണ്ടതും മോഷണം വിവരം അറിയുന്നതും. പിന്നീട് വീയപുരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് ഫോറൻസിക്ക് വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.