ഉചിതമായ സമയത്ത് തീരുമാനമെടുക്കും: കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് വേണുഗോപാല്‍
Monday, May 5, 2025 3:04 PM IST
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് കെ.സി. വേണുഗോപാല്‍. പാർട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധിക്ക് ശേഷമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
കോണ്‍ഗ്രസിനെതിരെ ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണ ശരിയല്ല. പാർട്ടിയുടെ സംവിധാനം അനുസരിച്ച് പാർട്ടി പ്രവർത്തിക്കും. നേതാക്കന്മാർ തമ്മിൽ കാണുമ്പോൾ ചർച്ചകൾ നടക്കും. തീരുമാനമെടുക്കേണ്ട സമയത്ത് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ പാർട്ടിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യക്ഷ മാറ്റവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയായ ഉറവിടത്തില്‍ നിന്നുള്ളതല്ല. നടന്ന ചർച്ചകളെ പറ്റി അറിയാതെ മാധ്യമങ്ങൾ തന്നെയാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനായി ഇതുവരെ യോഗവും ചേർന്നിട്ടില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.