തിരിച്ചടിക്ക് സൈന്യം തയാർ? പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
Monday, May 5, 2025 2:46 PM IST
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.
പാക്കിസ്ഥാനു കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവികസേനകൾ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കൂടിക്കാഴ്ച. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നിയന്ത്രണരേഖയിൽ തുടർച്ചയായി പാക് പ്രകോപനമുണ്ടാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായും വിവിധ സേനാവിഭാഗങ്ങളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞദിവസം വ്യോമസേനാ മേധാവി എയർ മാർഷൽ എ.പി. സിംഗും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയും പ്രധാനമന്ത്രിയെ വെവ്വേറെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചകളിൽ പാക്കിസ്ഥാനെതിരായ സൈനിക നടപടികൾക്ക് സേനാവിഭാഗങ്ങൾ സജ്ജമാണെന്ന് സേനാ മേധാവികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു.