ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കാസർഗോഡ് തുടക്കമായി
Monday, May 5, 2025 12:42 PM IST
കാസർഗോഡ്: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്ര കാസർഗോട്ട് നിന്നാരംഭിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സാമൂഹ്യപ്രവർത്തകൻ ഡോ. ആസാദ് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ സ്വാഗതസംഘം ചെയർമാൻ വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, എ.കെ.എം. അഷറഫ് എംഎൽഎ, ഡോ. അജയകുമാർ കോടോത്ത്, ഡോ. എ.എം. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. 45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്രയിൽ നൂറുകണക്കിന് ആശമാരുൾപ്പെടുന്ന സമരയാത്രയുടെ കൂടെ കലാസംഘവും സഞ്ചരിക്കും. ആദ്യദിനം ബദിയടുക്ക, കുറ്റിക്കോൽ എന്നിവിടങ്ങളിൽ സമരയാത്രയക്ക് സ്വീകരണം നൽകും. ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമരയാത്ര സമാപിക്കും.
ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക, ഓണറേറിയത്തിന് ബാധകമാക്കിയ മുഴുവൻ മാനദണ്ഡങ്ങളും പിൻവലിക്കുക, എല്ലാ മാസവും മുടങ്ങാതെ അഞ്ചാം തീയതിക്കകം ഓണറേറിയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 10 മുതലാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്.