സുധാകരനെ മാറ്റുമോ? നിർണായക പ്രഖ്യാപനം ഉടനെന്ന് സൂചന
Monday, May 5, 2025 8:49 AM IST
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഏറെ നാളായി നടത്തുന്ന നീക്കങ്ങൾ ഹൈക്കമാൻഡ് വീണ്ടും പുനരുജ്ജീവിപ്പിച്ച സാഹചര്യത്തിൽ നിർണായക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ.
പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം വൈകാതെ തന്നെയുണ്ടാകുമെന്ന വിവരമാണ് നേതൃത്വം പങ്കുവയ്ക്കുന്നത്. അതേസമയം മാറ്റാൻ ഉള്ള നീക്കത്തോട് ഇപ്പോഴും സുധാകരൻ തുടരുന്ന എതിർപ്പ് നേതൃത്വത്തിനും അപ്രതീക്ഷിത തിരിച്ചടിയായി.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചർച്ചകളിൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട നേരിയ സൂചനകൾ പോലും നൽകിയിരുന്നില്ലെന്നു പറഞ്ഞ കെ. സുധാകരൻ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചില ഗ്രൂപ്പ് തന്നെ മൂലയ്ക്കിരുത്താൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉന്നയിച്ചു.
കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കെ. സുധാകരനു പകരം ആന്റോ ആന്റണി എംപിയോ സണ്ണി ജോസഫ് എംഎൽഎയോ കെപിസിസി അധ്യക്ഷനാകുമെന്ന സൂചനകൾ വീണ്ടും സജീവമായതിനു പിന്നാലെയാണ് ഞായറാഴ്ച ഇന്ദിരാഭവനിൽ മാധ്യമങ്ങളെ കണ്ട കെ. സുധാകരൻ പൊട്ടിത്തെറിച്ചത്.
എന്നാൽ സുധാകരന്റെ പ്രസ്താവനകളെ വൈകാരിക പ്രകടനമായി മാത്രം കണ്ടു പുതിയ നേതൃത്വവുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകാനാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സുധാകരനു പകരം ക്രൈസ്തവ വിഭാഗത്തിൽ നിന്നു കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കമുണ്ടായത്.
കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കെ. സുധാകരനെ മാറ്റി പുതിയ കെപിസിസി നേതൃത്വമുണ്ടായാൽ മാത്രമേ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ചലിപ്പിക്കാൻ കഴിയുകയുള്ളൂവെന്നു കേരളത്തിലെ ഒട്ടുമിക്ക കോണ്ഗ്രസ് നേതാക്കളും ഹൈക്കമാൻഡ് പ്രതിനിധിയായ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിച്ചു. ദീപാദാസ് മുൻഷിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ. സുധാകരനെ മാറ്റാനുള്ള ചർച്ചകൾ ദേശീയതലത്തിൽ തുടങ്ങിയത്. പല ഘട്ടങ്ങളിൽ നടന്ന നേതൃമാറ്റ ചർച്ചകൾ വിജയിച്ചില്ല.
കഴിഞ്ഞ ദിവസം കോഴിക്കോട് യുഡിഎഫ് നേതൃയോഗം നടക്കുന്ന ദിവസം കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ഡൽഹിക്കു വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും നേതൃമാറ്റം സജീവ ചർച്ചയായത്.