ഇന്ത്യ-പാക് സംഘർഷം; ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഇന്ന് യോഗം ചേരും
Monday, May 5, 2025 6:56 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഇന്ന് യോഗം ചേരും.
ഇന്ത്യയുടെ ആക്രമണാത്മക നടപടികൾ, പ്രകോപനങ്ങൾ, പ്രകോപനപരമായ പ്രസ്താവനകൾ എന്നിവയെക്കുറിച്ച് ലോക സുരക്ഷാ ഏജൻസിയെ അറിയിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞതിന് പിന്നാലെയാണ് കൗൺസിൽ യോഗം ചേരുന്നത്.
അതിർത്തിയിലെ സംഘർഷങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഇരുരാജ്യങ്ങളുടെയും അവസരമായിരിക്കും ഇന്നത്തെ കൂടിക്കാഴ്ച.
നേരത്തെ, 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ യുഎൻ സുരക്ഷാ കൗൺസിൽ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. ഭീകരപ്രവർത്തനം നടത്തിയ കുറ്റവാളികളെയും ഉത്തരവാദികളായവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.