ഭീകരർക്ക് സഹായം ചെയ്ത യുവാവ് സുരക്ഷാസേനയിൽ നിന്നും രക്ഷപെടാനായി നദിയിലേക്ക് ചാടി; ഒഴുക്കിൽപ്പെട്ട് മരിച്ചു
Monday, May 5, 2025 12:28 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും താമസവും നൽകിയയാൾ സുരക്ഷാ സേനയിൽ നിന്ന് രക്ഷപ്പെടുന്നതിനായി നദിയിൽ ചാടി മുങ്ങിമരിച്ചു. 23 കാരനായ ഇമ്തിയാസ് അഹമ്മദ് മഗ്രേയാണ് മരിച്ചത്.
ശനിയാഴ്ചയാണ് മാഗ്രേയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുൽഗാമിലെ ടാംഗ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും നൽകിയതായി ഇയാൾ മൊഴി നൽകി.
ഭീകരരുടെ ഒളിത്താവളത്തിലേക്കുള്ള വഴി കാണിച്ചുനൽകാമെന്ന് ഇയാൾ സുരക്ഷാ സേനയോടും പറഞ്ഞു. ഞായറാഴ്ച രാവിലെ, ഒളിത്താവളം റെയ്ഡ് ചെയ്യാൻ പോലീസും സൈന്യവും ഇയാളെയും കൂട്ടി വനത്തിലേക്ക് തിരിച്ചു.
ഇതിനിടെ ഇമ്തിയാസ് രക്ഷപെടാനായി വെഷാവ് നദിയിലേക്ക് ചാടി. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട ഇമ്തിയാസ് മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്.