പഹൽഗാം ഭീകരാക്രമണം; സൈനികർക്ക് പൂർണ പിന്തുണ, ചുട്ട മറുപടി നൽകിയിരിക്കുമെന്ന് രാജ്നാഥ് സിംഗ്
Sunday, May 4, 2025 8:40 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലുള്ളവർക്ക് ചുട്ട മറുപടി നൽകിയിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ പിന്തുണയെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
അതിർത്തി സംരക്ഷണം പ്രതിരോധമന്ത്രിയായ തന്റെ ഉത്തരവാദിത്വമാണ്. മറുപടി നൽകേണ്ടതും തന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് 10 ദിവസങ്ങൾക്ക് ശേഷം, പാക്കിസ്ഥാനെതിരേ കടുത്ത നടപടികളുമായി നയതന്ത്ര ആക്രമണം ഇന്ത്യ ശക്തമാക്കി. ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലമൊഴുക്ക് തടയുക, ഉത്പന്നങ്ങളുടെ ഇറക്കുമതി നിർത്തുക, പാക് കപ്പലുകൾ ഡോക്ക് ചെയ്യുന്നത് നിരോധിക്കുക, എല്ലാ മെയിലുകളുടെയും പാഴ്സലുകളുടെയും കൈമാറ്റം താത്കാലികമായി നിർത്തിവയ്ക്കുക തുടങ്ങിയ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്.
"ഹ്രസ്വകാല ശിക്ഷാ നടപടി' എന്ന നിലയിൽ പാക് പഞ്ചാബിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതിനായി ബാഗ്ലിഹാർ അണക്കെട്ടിലെ സ്ലൂയിസ് സ്പിൽവേകളുടെ ഗേറ്റുകൾ താഴ്ത്തിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ "ദ് ഇന്ത്യൻ എക്സ്പ്രസി'നോട് പറഞ്ഞു.
ചെനാബ് നദിക്ക് കുറുകെയുള്ള ബാഗ്ലിഹാർ അണക്കെട്ട്, ജലവൈദ്യുത ഉത്പാദനത്തിനായാണ് നിർമിക്കപ്പെട്ടത്. ചെനാബ് നദിയിലെ വെള്ളം പാക് പഞ്ചാബിലെ കൃഷിയിടങ്ങൾക്ക് ജലസേചനം നൽകുന്നതാണ്.
ഹ്രസ്വ കാലത്തേക്കാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. നേരത്തെ സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു. അതേസമയം, ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സമാനമായ നടപടി ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുണ്ട്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാക്കിസ്ഥാൻ വഴി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉത്പന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.