വനിതാ ഏകദിനം; ഇന്ത്യയെ മൂന്ന് വിക്കറ്റിന് തകർത്ത് ലങ്കൻ വനിതകൾ
Sunday, May 4, 2025 8:31 PM IST
കൊളംബോ: ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യൻ വനിതകൾക്കെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. മൂന്ന് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 275 റൺസ് 49.1 ഓവറിൽ ശ്രീലങ്ക മറികടന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസാണ് ശ്രീലങ്ക അടിച്ചെടുത്തത്.
56 റൺസ് നേടിയ നിളാക്ഷി ഡി സിൽവയാണ് ലങ്കയുടെ ടോപ് സ്കോറർ. 33 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഡി സിൽവയുടെ ഇന്നിംഗ്സ്.
ഹർഷിത സമ്രവിക്രമ (53), വിഷ്മി ഗുണരത്നേ (33), കവിഷ ദിൽഹരി (35) എന്നിവരും ലങ്കയ്ക്കായി തിളങ്ങി.
ഇന്ത്യക്കായി സ്നേഹ് റാൺ മൂന്ന് വിക്കറ്റുകൾ പിഴുതു. അരുന്ധതി റെഡ്ഡി, പ്രതിക റൗൾ, നല്ലപുറെഡ്ഡി ചരണി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യൻ വനിതകൾ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 275 റൺസാണ് എടുത്തത്. റിച്ച ഘോഷിന്റെ അർധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. 48 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും അടക്കം 58 റൺസാണ് റിച്ച എടുത്തത്.
ഹർമൻ പ്രീത് കൗർ (30), ജമീമ റോഡ്റിഗസ് (37), ഹർളീൻ ഡിയോൾ (29) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
ലങ്കയ്ക്കായി സുഗന്ധിക കുമാരി, ചമരി അത്പത്തു എന്നിവർ മൂന്ന് വിക്കറ്റ് വീതം പിഴുതു. ദെവ്മി വിഹാങ്ക, ഇനോക്ക രണവീര എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.