ഐപിഎൽ; സെഞ്ചുറിക്കരികെ പരാഗ് വീണു, രാജസ്ഥാനെ ഒരു റണ്ണിന് വീഴ്ത്തി കോൽക്കത്ത
Sunday, May 4, 2025 7:26 PM IST
കോൽക്കത്ത: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ഒരു റണ്ണിന്റെ ജയമാണ് കോൽക്കത്ത സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത കോൽക്കത്ത ഉയർത്തിയ 206 റൺസ് മറികടക്കാൻ രാജസ്ഥാനായില്ല. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് രാജസ്ഥാന് നേടാനായത്.
ക്യാപ്റ്റൻ റിയാൻ പരാഗ് തകർത്തടിച്ച് സെഞ്ചുറിക്കരികെയെത്തിയെങ്കിലും ഹർഷിത് റാണയുടെ പന്തിൽ പുറത്താകുകയായിരുന്നു. 45 പന്തിൽ എട്ട് സിക്സും ആറ് ഫോറും അടക്കം 95 റൺസ് അടിച്ചുകൂട്ടിയ പരാഗ് ആണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
യശസ്വി ജയ്സ്വാൾ 21 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 34 റൺസും ഷിംറോൺ ഹെയ്റ്റ്മെയ്ർ 23 പന്തിൽ 29 റൺസുമെടുത്ത് തിളങ്ങി.
കോൽക്കത്തയ്ക്കായി മൊയീൻ അലി, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. വൈഭവ് അരോര ഒരു വിക്കറ്റും എടുത്തു.
ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത കോൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് അടിച്ചെടുത്തത്. അർധ സെഞ്ചുറി നേടിയ ആൻഡ്രി റസലിന്റെ (57) ഇന്നിംഗ്സാണ് കോൽക്കത്തയെ മികച്ച സ്കോർ പടുത്തുയർത്താൻ സഹായിച്ചത്. 25 പന്തിൽ നാല് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു കോൽക്കത്തയുടെ ടോപ് സ്കോററായ ആൻഡ്രി റസലിന്റെ ഇന്നിംഗ്സ്.
കോൽകത്തയ്ക്കായി റഹ്മാനുള്ള ഗുർബാസ് 25 പന്തിൽ 35 റൺസും ക്യാപ്റ്റൻ അജിൻക്യ റഹാനെ 24 പന്തിൽ 30 റൺസും അൻഗ്ക്രിഷ് രഘുവൻശി 31 പന്തിൽ 44 റൺസും എടുത്ത് തിളങ്ങി.
രാജസ്ഥാനായി ജോഫ്ര ആർച്ചർ, യുദ്ധ്വീർ സിംഗ് ചരക്, മഹേഷ് തീക്ഷണ, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.