"ഫോട്ടോ കണ്ടാല്‍പ്പോലും തിരിച്ചറിയാത്തവരല്ല കോണ്‍ഗ്രസിനെ നയിക്കേണ്ടത്': നേതാക്കൾക്കെതിരേ പോസ്റ്ററുകൾ
Sunday, May 4, 2025 1:31 PM IST
കൊച്ചി: സംസ്ഥാന കോണ്‍ഗ്രസ് നേതൃപദവിയില്‍ മാറ്റമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ കെ. സുധാകരനു പകരം പാർട്ടി പരിഗണിക്കുന്ന നേതാക്കള്‍ക്കെതിരെ പോസ്റ്ററുകൾ.
സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ടാല്‍പ്പോലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കേണ്ടത് എന്ന് പോസ്റ്ററില്‍ പറയുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും സംസ്ഥാനത്ത് ഉടനടി നേതൃമാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത സുധാകരനെ അറിയിച്ചതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അധ്യക്ഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായത്.
നാല് തവണ പത്തനംതിട്ട എംപിയായ ആന്റോ ആന്റണി, കെ. സുധാകരന്റെ വിശ്വസ്തനായ സണ്ണി ജോസഫ് എംഎല്‍എ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്നിൽ. അതേസമയം നിലവിലെ കെപിസിസി പ്രസിഡന്റ് മാറേണ്ടതില്ല എന്ന അഭിപ്രായവുമായി ഒരു വിഭാഗം കെ. സുധാകരനെ പിന്തുണയ്ക്കുന്നുണ്ട്.