സംഭവദിവസം കട തുറന്നില്ല; പഹൽഗാമിലെ പ്രാദേശിക വ്യാപാരി എൻഐഎ കസ്റ്റഡിയിൽ
Sunday, May 4, 2025 10:47 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ വ്യാപാരിയെ കസ്റ്റഡിയിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).
ഭീകരാക്രമണത്തിനു 15 ദിവസം മുൻപ് പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസി സംഭവദിവസം കട തുറന്നിരുന്നില്ല. ഇയാളെ എൻഐഎയും മറ്റു കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്തുവരികയാണെന്ന് "ദ് ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി ഇതിനോടകം നൂറോളം പ്രദേശവാസികളെ എൻഐഎ ചോദ്യം ചെയ്തിരുന്നു. എന്നാൽ വ്യാപാരിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം.
എൻഐഎ അന്വേഷണത്തിന്റെ ഭാഗമായി ഇതിനകം നൂറോളം നാട്ടുകാരെ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെയാണ് സംഭവദിവസം കട തുറക്കാത്ത ആളെക്കുറിച്ച് കേന്ദ്ര ഏജൻസിക്ക് സൂചന ലഭിച്ചത്.
സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാ നാട്ടുകാരുടെയും പട്ടിക എൻഐഎ സംഘം തയാറാക്കിയിട്ടുണ്ടെന്നും പോണി ഓപ്പറേറ്റർമാർ, കടയുടമകൾ, ഫോട്ടോഗ്രാഫർമാർ, സാഹസിക കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരുൾപ്പെടെ നൂറോളം നാട്ടുകാരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ഏജൻസികളുടെ വൃത്തങ്ങൾ അറിയിച്ചു.