കുടകിൽ മലയാളി കൊല്ലപ്പെട്ട കേസ്; അഞ്ച് കർണാടക സ്വദേശികൾ അറസ്റ്റിൽ
Sunday, May 4, 2025 1:25 AM IST
കുടക്: കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർ അറസ്റ്റിൽ. കർണാടക സ്വദേശികളായ അനിൽ, ഹരീഷ്, സ്റ്റീഫൻ, കാർത്തിക്, ദീപക് എന്നിവരാണ് അറസ്റ്റിലായത്.
ഗോണിക്കുപ്പ പോലീസാണ് ഇവരെ പിടികൂടിയത്. മോഷണത്തിനായി നടത്തിയ കൊലപാതകമെന്ന് പോലീസ് പറയുന്നു. ഏപ്രിൽ 23നാണ് വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടിൽ പ്രദീപിനെ കഴുത്തിൽ കേബിൾ മുറുക്കി കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരിൽ എത്തിയ പ്രതികൾ ആസൂത്രിതമായി പ്രദീപിനെ കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. 13 ലക്ഷത്തോളം രൂപ സംഘം മോഷ്ടിച്ചു.
സ്വത്ത് രേഖകളും മൊബൈൽ ഫോണും കവർന്നു. ഇവർ ഉപയോഗിച്ച ബൈക്കുകളും മോഷണ മുതലുകളും പോലീസ് പിടികൂടി. വർഷങ്ങളായി കുടകിലായിരുന്നു പ്രദീപൻ താമസം.