ടയർ പൊട്ടി; നിയന്ത്രണം വിട്ട ഇന്നോവ തലകീഴായി മറിഞ്ഞു
Saturday, May 3, 2025 9:58 PM IST
ചാരുംമൂട്: ഓടിക്കൊണ്ടിരിക്കെ ടയർ പൊട്ടിയ ഇന്നോവ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ബന്ധുവിന്റെ പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് പോയവരും രണ്ട് പോലീസുകാരുമടക്കം ഏഴു പേരാണ് കാറിലുണ്ടായിരുന്നത്.
അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. കൊല്ലം - തേനി ദേശീയ പാതയിൽ ചാരുംമൂടിനും താമരക്കുളത്തിനും ഇടയിലുള്ള പെട്രോൾ പമ്പിനു സമീപത്തുവച്ച് രാവിലെ 9.30 ഓടെയായിരുന്നു അപകടമുണ്ടായത്. ചവറ താമരശ്ശേരിൽ ശ്യാം (27) നാണ് പരിക്കേറ്റത്.
സമീപമുള്ള സ്വകാര്യാശുപത്രിയിൽ ശ്യാമിന് ചികിത്സ നൽകി. ശ്യാമിന്റെ മാതൃ സഹോദരൻ ശാസ്താംകോട്ട പതാരം സ്വദേശി അനീഷിന്റെ പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ടാണ് സംഘം യാത്ര ചെയ്തത്.