സിന്ധുനദിയിൽ ഡാം നിർമിച്ചാൽ തകർക്കും; പാക് പ്രതിരോധ മന്ത്രി
Saturday, May 3, 2025 7:37 PM IST
ഇസ്ലാമാബാദ്: വെള്ളം വഴിതിരിച്ചുവിടാനായി സിന്ധു നദിയിൽ ഡാം ഉൾപ്പടെ എന്ത് നിർമാണ പ്രവർത്തി നടത്തിയാലും തകർക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന് വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാർ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ മരവിപ്പിച്ചിരുന്നു.
വെള്ളം വഴിതിരിച്ചു വിട്ടാൽ അത് രാജ്യത്തിനെതിരായ ആക്രമണമായെ കാണൂവെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു. അതേസമയം പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതികളും ഇന്ത്യ പൂർണമായി നിരോധിച്ചു. പഹൽഗാം ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുന്നതിന്റെ ഭാഗമായാണ് നിരോധനം.
ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നും പാക്കിസ്ഥാനിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഉണ്ടെന്നുമാണ് വാണിജ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നത്. സിന്ധു നദീജല കരാർ റദ്ദാക്കുകയും പാക് പൗരന്മാർക്ക് വിസ നിരോധം ഏർപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ കടുത്ത മറ്റൊരു നീക്കംകൂടി ഉണ്ടായിരിക്കുന്നത്.