സ്കൂൾ വാർഷികാഘോഷം പ്രവൃത്തി ദിനങ്ങളിൽ പാടില്ല: ബാലാവകാശ കമ്മീഷൻ
Saturday, May 3, 2025 6:48 PM IST
തിരുവനന്തപുരം: സ്കൂൾ വാർഷികാഘോഷ പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ. പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആരംഭിച്ച് രാത്രി 9.30 നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം.
തോട്ടടയിലെ റിട്ടേയർഡ് ടീച്ചർ കമ്മീഷന് സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്. സ്കൂൾ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സർക്കാരിതര ഏജൻസികളും, ക്ലബുകളും, വിവിധ സംഘടനകളും സ്കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാവൂ എന്നും ഉത്തരവിൽ പറയുന്നു.
പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത് കുട്ടിയുടെ അവകാശമാണ്. കുട്ടികൾക്ക് സമ്മർദമോ തടസങ്ങളോ ഇല്ലാതെ കലാ-കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഓരോ സ്കൂളിലും ഉണ്ടാവണമെന്നും കമ്മീഷൻ നിർദേശിച്ചു.