വേടനെതിരായ പുലിപ്പല്ല് കേസ്; സർക്കാരിന് റിപ്പോർട്ട് നൽകി വനംവകുപ്പ് മേധാവി
Saturday, May 3, 2025 5:49 PM IST
കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് നൽകി വനംവകുപ്പ് മേധാവി. ന്യായീകരിച്ചും കുറ്റപ്പെടുത്തിയുമുള്ള റിപ്പോർട്ടാണ് വനംമേധാവി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.
വേടനെതിരായ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചുവെന്നാണ് റിപ്പോർട്ടിൽ ന്യായീകരിച്ചിരിക്കുന്നത്. എന്നാൽ കേസിൽ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും വനംവകുപ്പ് മേധാവി കുറ്റപ്പെടുത്തുന്നു. അന്വേഷണത്തിന് മുന്‍പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദാംശങ്ങള്‍ പറഞ്ഞതും തെറ്റാണെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു.
പുലിപ്പല്‍ കേസിലെ അറസ്റ്റിൽ മുഖ്യമന്ത്രിയും മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തെളിവുകളൊന്നുമില്ലാതെയുള്ള അറസ്റ്റിലെ കോടതിയും നിശിതമായി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റിൽ നടപടി ക്രമങ്ങള്‍ പാലിച്ചുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി എ.കെ.ശശീന്ദ്രൻ വനംമേധാവി രാജേഷ് രവീന്ദ്രന് നിർദേശം നൽകിയത്.
മധ്യമേഖല സിസിഎഫിനോട് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ വനംമേധാവി നിർദേശിച്ചിരുന്നു. മൂവാറ്റുപുഴ ഡിഎഫ്ഒ, കോടനാട് റെയ്ഞ്ചിലെ വനം ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് പരിശോധിച്ചത്.