ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാക്കിസ്ഥാൻ പരിശീലനം നൽകുന്നതായി റിപ്പോർട്ട്
Saturday, May 3, 2025 7:43 AM IST
ന്യൂഡൽഹി: പാക് അധീന കാഷ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാക്കിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. ജനങ്ങളെ സ്കൂളുകളിലെ ക്യാന്പുകളിലേക്ക് മാറ്റിയാണ് പരിശീലനം നൽകുന്നത്.
ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏത് വിധേനെയും ആക്രമണത്തിനുള്ള സാധ്യത കണക്കുകൂട്ടിയാണ് പാക്കിസ്ഥാൻ മുന്നൊരുക്കങ്ങൾ നടത്തുന്നത്. അതിർത്തിയിലേക്ക് സൈനിക ഉപകരണങ്ങളെത്തിച്ച്, സേനാ വിന്യാസം കൂട്ടിയശേഷമാണ് പാക് അധീന കാഷ്മീരിൽ ജനങ്ങൾക്ക് പരിശീലനം നൽകുന്നത്.
ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ ജാഗ്രതയോടെ പെരുമാറേണ്ടത് എങ്ങനെയെന്നാണ് വിശദീകരിക്കുന്നത്. പ്രാഥമിക ചികിത്സ നൽകേണ്ടത് എങ്ങനെയെന്നും വിശദീകരിക്കുന്നുണ്ട്. ഒപ്പം ഗ്രാമീണരോട് രണ്ട് മാസത്തെ ഭക്ഷണം കരുതിവയ്ക്കാനും പാക് സേന നിർദ്ദേശം നൽകിയിട്ടുണ്ട്.