വെള്ളം പങ്കുവെക്കുന്നതിനെ ചൊല്ലി തർക്കം; കൊമ്പുകോർത്ത് ഹരിയാന - പഞ്ചാബ് മുഖ്യമന്ത്രിമാർ
Saturday, May 3, 2025 5:55 AM IST
ന്യൂഡൽഹി: ഭക്ര അണക്കെട്ടിലെ വെള്ളം പങ്കുവെക്കുന്നതിനെ ചൊല്ലി കൊമ്പുകോർത്ത് ഹരിയാന - പഞ്ചാബ് മുഖ്യമന്ത്രിമാർ. കഴിഞ്ഞ ദിവസം ചേർന്ന ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡ് യോഗം ഹരിയാനക്ക് 8,500 ഘനയടി വെള്ളം നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇരുസംസ്ഥാനങ്ങളും പരസ്യപോരുമായി രംഗത്തെത്തിയത്.
തങ്ങളുടെ അവകാശങ്ങൾ ഹരിയാന കവർന്നെടുക്കുന്നത് അംഗീകരിക്കില്ലെന്നു പറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തിയതോടെയാണ് പോര് മൂർച്ഛിച്ചത്. എന്നാൽ ഭഗവന്ത് മൻ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും രംഗത്തെത്തി.
തങ്ങൾക്കവകാശപ്പെട്ട കുടിവെള്ളമാണ് തേടുന്നതെന്നാണ് ഹരിയാനയുടെ വാദം. വെള്ളം തുറന്നുവിട്ടില്ലെങ്കിൽ പാഴായി പാക്കിസ്ഥാനിലേക്കു പോകുമെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. പോര് മൂർച്ഛിക്കുന്നതിനിടെ ഭക്ര അണക്കെട്ടിന് താഴെയായി സ്ഥിതി ചെയ്യുന്ന നംഗൽ അണക്കെട്ടിൽ പഞ്ചാബ് പോലീസ് സുരക്ഷ ശക്തമാക്കി.
പഞ്ചാബിനും അവിടത്തെ കർഷകർക്കും ജനങ്ങൾക്കുമെതിരെ കേന്ദ്രവും ഹരിയാന മുഖ്യമന്ത്രി സൈനിയും കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിംഗ് ചീമ രംഗത്തെത്തി.