വേടനെ വിടാതെ വനംവകുപ്പ്; പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു
Friday, May 2, 2025 8:29 PM IST
കൊച്ചി: റാപ്പര്‍ വേടനെതിരേ നടപടികള്‍ കടുപ്പിച്ച് വനംവകുപ്പ്. ഇദ്ദേഹത്തില്‍നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ഹൈദരാബാദിലെ ലാബില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
വേടന് പുലിപ്പല്ല് സമ്മാനിച്ചുവെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ഇയാളുമായി ബന്ധപ്പെടാന്‍ ഇതുവരെ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.
ഏത് അന്വഷണവുമായും സഹകരിക്കാമെന്നും രഞ്ജിത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണ സംഘത്തിനൊപ്പം ചെല്ലാമെന്നും വേടന് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്.
നടന്മാരായ മോഹന്‍ലാലിനെയും സുരേഷ്ഗോപിയേയും സംരക്ഷിച്ച വനംവകുപ്പ് വേടനെ അറസ്റ്റു ചെയ്തതില്‍ വ്യാപക വിമര്‍ശനമാണ് ഉണ്ടായത്. വനംമന്ത്രിയടക്കം വ്യാഴാഴ്ച മുന്‍ നിലപാട് മാറ്റി റാപ്പര്‍ വേടനെ പുകഴ്ത്തി വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു.
വേടനെതിരായ നടപടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുപ്പിച്ചുകാട്ടിയെന്നും വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, മന്ത്രിയുടെ പ്രസ്താവനക്കിടെയും വേടനെതിരായ നടപടിയുമായി മുന്നോട്ടുപോവുകയാണ് വനംവകുപ്പ്.
നല്ലൊരു മനുഷ്യനാകാന്‍ പറ്റുമോയെന്ന് നോക്കട്ടെ: വേടന്
അതേസമയം, തെറ്റ് തിരുത്തുമെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷമുള്ള വേടന്റെ പ്രതികരണം. ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല. തന്നേ കേള്‍ക്കുന്ന തന്റെ സഹോദരങ്ങള്‍ ഈ വഴി സ്വീകരിക്കരുത്.
തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. പുകവലിയും മദ്യപാനവും ഭയങ്കര പ്രശ്നമാണ്. തെറ്റായാണ് അത് മനുഷ്യരെ സ്വാധീനിക്കുന്നത്. തന്നേ കേള്‍ക്കുന്നവര്‍ ചേട്ടനോട് ദയവ് ചെയ്ത് ക്ഷണിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതില്‍ തനിക്ക് പ്രതികരിക്കാന്‍ കഴിയില്ലെന്നും വേടന് പറഞ്ഞു.
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്റെ പുതിയ ആല്‍ബം മോണലോവ എങ്ങനെയുണ്ടെന്നും വരികളൊക്കെ ഇഷ്ടപ്പെട്ടോയെന്നും വേടന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. തന്റേതായി ഇനിയും നല്ല പാട്ടുകള്‍ വരുമെന്നും വേടന് പ്രതികരിച്ചിരുന്നു.