അനന്ത്നാഗ് വനമേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി; തെരച്ചിൽ കഴിയുംവരെ വനത്തിൽ പ്രവേശിക്കരുതെന്ന് നിർദേശം
Friday, May 2, 2025 6:18 PM IST
ശ്രീനഗർ: അനന്ത്നാഗിലെ വനമേഖലയിൽ സൈനിക വിന്യാസം കൂടുതൽ ശക്തമാക്കി. തെരച്ചിൽ കഴിയുംവരെ ആരും വനത്തിൽ പ്രവേശിക്കരുതെന്നാണ് നിർദേശം.
വനത്തിൽ ആടുമേയ്ക്കുന്ന ഗുജ്ജാൻ വിഭാഗത്തിൽപ്പെട്ടവരെ വനത്തിൽനിന്ന് പുറത്തേക്കിറക്കി. ശ്രീനഗറിൽ ഭീകരരുമായി ബന്ധമുള്ളവർ എന്ന് സംശയിക്കുന്നവരുടെ വീടുകളിൽ വ്യാപക തെരച്ചിൽ തുടരുകയാണ്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരേ കൂടുതൽ തെളിവുകൾ ലഭിച്ചു. ഭീകരരെ നിയന്ത്രിച്ചത് ഐഎസ്ഐയുടെ മുതിർന്ന ഉദ്യോഗസ്ഥരാണെന്ന് എൻഐഎ കണ്ടെത്തി.
ആക്രമണത്തിന്റെ പ്ലോട്ട് തയാറാക്കിയത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയും ലഷ്കർ-ഇ തൊയ്ബയും പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയുമാണെന്നാണ് കണ്ടത്തൽ. ഈ മൂന്ന് സംഘടനകളും സഹകരിച്ചുകൊണ്ടാണ് ഭീകരാക്രമണം നടത്തിയതെന്നും എൻഐഎ കണ്ടെത്തി.