നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നോട്ടീസ്
Friday, May 2, 2025 3:39 PM IST
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നോട്ടീസ് അയച്ച് കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി.
ഇഡി നല്കിയ കുറ്റപത്രത്തില്‍ മറുപടി അറിയിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ തെളിവുകൾ ഇഡി ഇന്ന് കോടതിയിൽ നല്കി. സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെയാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇരുവര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. കുറ്റപത്രം ഭാഗികമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ആ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇതനുസരിച്ച് കോടതി ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ച് ഇന്ന് ഇഡി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. മേയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ എജെഎല്ലിന്റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തുവെന്നാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.