മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗം; മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി കൊടുത്തില്ലെന്ന് കെ.സി.വേണുഗോപാല്‍
Friday, May 2, 2025 3:16 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ. മന്ത്രി വാസവന്റെ പ്രസംഗമെടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്താൻ പാടില്ലായിരുന്നുവെന്ന് വേണുഗോപാൽ പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും മൈക്കെടുക്കാമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് മോദിക്ക് മറുപടി നൽകിയില്ലെന്നും വേണുഗോപാൽ ചോദിച്ചു.
മോദിക്ക് വേദിയിൽ തന്നെ ചുട്ട മറുപടി നൽകണമായിരുന്നു. ആദരവോടുകൂടി തന്നെ മോദിയോട് വിയോജിപ്പ് പ്രകടിപ്പിക്കാമായിരുന്നു.
സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുപോയി. അതാണ് സംഭവിച്ചുപോയത്. അദാനിയുടെയും മോദിയുടെയും ചങ്ങാത്തത്തെ എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിക്ക് വിമര്‍ശിക്കാതിരിക്കാന്‍ കഴിയില്ലെന്നും വേണുഗോപാൽ പറഞ്ഞു.
പാർട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. സ്ഥലം എംപിയും, എംഎൽഎയും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.