നിയന്ത്രണം വിട്ട കാറിടിച്ചു; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
Thursday, May 1, 2025 10:32 PM IST
കണ്ണൂര്‍: മുത്തശ്ശിക്കൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നു വയസുകാരി കാറിടിച്ച് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറിന് കണ്ണൂർ പയ്യാവൂർ ചമതച്ചാലിലുണ്ടായ അപകടത്തിൽ ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്.
നിയന്ത്രണം വിട്ട കാര്‍ മയില്‍ക്കുറ്റികള്‍ അടക്കം ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കുഞ്ഞിനെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുത്തശ്ശി ഷിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.