ഒരു തീവ്രവാദിയേയും വെറുതെ വിടില്ല; സൈന്യം പദ്ധതി തയാറാക്കുന്നു: അമിത് ഷാ
Thursday, May 1, 2025 6:13 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ തീവ്രവാദികൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും വെറുതെ വിടില്ല. സൈന്യം തിരിച്ചടിക്കുള്ള പദ്ധതികൾ തയാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. തിരിച്ചടിക്കാൻ സൈന്യം തയാറാക്കിയ പദ്ധതിയുടെ പുരോഗതി കരസേന മേധാവി പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുനസംഘടിപ്പിച്ച ദേശീയ സുരക്ഷാ സമിതിയുടെ ആദ്യ യോഗവും സൈനിക നീക്കം വിലയിരുത്തി. അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുള്ള പാക്കിസ്ഥാന്റെ പ്രകോപനവും അലോക് ജോഷിയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതി വിലയിരുത്തി.
കൃത്യ സമയത്ത് തിരിച്ചടി നൽകുമെന്നും അതിനുള്ള സ്വാതന്ത്ര്യം പ്രധാനമന്ത്രി സൈന്യത്തിന് നൽകിയിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.