മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ്, വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കുന്നു: സതീശൻ
Wednesday, April 30, 2025 12:47 PM IST
തിരുവനന്തപുരം: വിഴിഞ്ഞം കമ്മീഷനിംഗ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയിൽ താൻ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സാധാരണ കത്ത് മാത്രമാണ് തനിക്ക് ലഭിച്ചത്. പരിപാടിയുടെ വിശദാംശങ്ങള്‍ പോലും തന്നെ അറിയിച്ചിട്ടില്ലെന്ന് സതീശൻ പ്രതികരിച്ചു.
അത് അവരുടെ തീരുമാനമാണ്. അതില്‍ പരിഭവമോ പരാതിയോ ഇല്ല. വിഴിഞ്ഞം കമ്മീഷനിംഗ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപിയും സിപിഎമ്മും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് സതീശൻ ചോദിച്ചു.
നാലാം വാര്‍ഷികത്തില്‍ സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ല. പദ്ധതി കൊണ്ടുവന്ന ആളുകളെ മറന്ന് സിപിഎം വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിക്കുന്നു.
വിഴിഞ്ഞം കടല്‍ക്കൊള്ളയാണെന്ന് പ്രഖ്യാപിച്ചയാളാണ് പിണറായി വിജയന്. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാണ്. വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശൻ വിമർശിച്ചു.
വിഴിഞ്ഞം കമ്മീഷനിംഗ് ചടങ്ങിൽ ശശി തരൂര്‍ എംപിയും വിന്‍സെന്റ് എംഎല്‍എയും ചടങ്ങില്‍ പങ്കെടുക്കും. അവര്‍ക്ക് ക്ഷണമുണ്ടെന്നും സതീശന് കൂട്ടിച്ചേർത്തു.