യു.പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽനിന്ന് ഒഴിവാക്കി എക്സൈസ്
Wednesday, April 30, 2025 12:21 PM IST
ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് യു.പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽനിന്ന് കനിവിന്റെ പേര് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 28ന് ആലപ്പുഴ തകഴിയിൽനിന്നാണ് എംഎൽഎയുടെ മകൻ അടക്കം ഒന്പത് പേരെ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ എക്സൈസ് സംഘം പിടികൂടിയത്. ഒന്പത് പേരെയും കേസിൽ പ്രതി ചേർത്തിരുന്നു.
കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. എന്നാൽ നിലവിൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ കേസിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.
സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും പരാതി നൽകി.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്നും വൈദ്യപരിശോധന നടത്തിയില്ലെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
കനിവടക്കം ഏഴ് പേർക്കെതിരെ കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് നിലനിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.