ഷൂട്ടിംഗ് പരിശീലകൻ ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് അന്തരിച്ചു
Wednesday, April 30, 2025 11:43 AM IST
കോട്ടയം: ഷൂട്ടിംഗ് പരീശിലകനും, ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രഫ. സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കോട്ടയം ഉഴവൂർ സ്വദേശിയായ സണ്ണി ജോസഫ് ഒളിംപിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. ഷൂട്ടിംഗിൽ അഞ്ചുതവണ സംസ്ഥാന ചാമ്പ്യനായ സണ്ണി തോമസ് റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനുമാണ്.
കോട്ടയം തിടനാട് മേക്കാട്ട് കെ.കെ. തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബർ 26നാണ് സണ്ണി തോമസിന്റെ ജനനം. 1964-ൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ 26-ാം വയസിലാണ് അദ്ദേഹം ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.
1993 മുതൽ 2012 വരെ 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്ന സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്.
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് റിട്ട. പ്രഫസർ ജോസമ്മ സണ്ണിയാണ് ഭാര്യ. മക്കൾ: മനോജ് സണ്ണി, സനിൽ സണ്ണി, സോണിയ സണ്ണി.