ഒരു ദൗത്യവും അകലെയല്ല; യുദ്ധകപ്പലുകളുടെ ചിത്രം പങ്കുവെച്ച് നാവികസേന
Wednesday, April 30, 2025 11:13 AM IST
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് തിരിച്ചടി നല്കുന്ന കാര്യത്തില്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതിന് പിന്നാലെ ദൗത്യം അകലെയല്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവച്ച് നാവികസേന. യുദ്ധകപ്പലുകളുടെ ചിത്രമാണ് എക്സ് പ്ലാറ്റ്ഫോമിൽ നാവികസേന പങ്കുവച്ചത്.
"ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലത ഒരു കടലിനുമില്ല' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ആയുധക്കരുത്ത് കാട്ടി അറബിക്കടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാവികസേന അഭ്യാസപ്രകടനം നടത്തിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.