വിവാദമായപ്പോൾ ക്ഷണം: വിഴിഞ്ഞം കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തേക്കില്ല
Wednesday, April 30, 2025 9:21 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കില്ലെന്ന് സൂചന.
ജനാധിപത്യ മര്യാദ കാറ്റിൽ പറത്തി ഉമ്മൻ ചാണ്ടി സർക്കാർ യാഥാർഥ്യമാക്കിയ പദ്ധതിയുടെ കമ്മീഷനിംഗിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ചടങ്ങ് കോണ്‍ഗ്രസ് വിവാദമാക്കിയതിനു പിന്നാലെ മന്ത്രി വി.എൻ. വാസവന്റെ ഓഫീസിൽനിന്നു പ്രതിപക്ഷ നേതാവിന് കത്ത് എത്തിയിരുന്നു.
എന്നാൽ, വിവാദം തണുപ്പിക്കാൻ പേരിന് പ്രതിപക്ഷനേതാവിനെ ക്ഷണിച്ചതാണ് സർക്കാർ ചെയ്തതെന്നും ഇതിനു നിന്നു കൊടുക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പൊതു നിലപാട്. സതീശൻ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി ഇന്ന് അന്തിമ തീരുമാനം എടുക്കും.
ഉച്ചയോടെ മന്ത്രിയുടെ ദൂതൻ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ എത്തിച്ച കത്തിൽ രണ്ടു വാചകങ്ങൾ മാത്രമാണ് ഉള്ളത്. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് പ്രധാനമന്ത്രി മേയ് രണ്ടിന് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? അങ്ങയുടെ മഹനീയ സാന്നിധ്യം ചടങ്ങിനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ചടങ്ങിൽ പ്രതിപക്ഷ നേതാവിന്റെ റോൾ എന്താണെന്നു കത്തിൽ വ്യക്തമാക്കിയിട്ടില്ല.
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിന്റെ വേദിയിലാണോ സദസിലാണോ പ്രതിപക്ഷ നേതാവിന്റെ സ്ഥാനമെന്നു വ്യക്തമായ ശേഷമേ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചത്.
പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്ന വിവരം കോണ്‍ഗ്രസിന്റെ കോവളം എംഎൽഎ എം. വിൻസന്റാണ് പത്രസമ്മേളനം നടത്തി അറിയിച്ചത്. ഇതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യുഡിഎഫ് കണ്‍വീനർ എം.എം. ഹസനും അടക്കമുള്ള നേതാക്കൾ രംഗത്ത് എത്തി. സംഭവം വിവാദമായതിനു പിന്നാലെ ആദ്യം രാഷ്ട്രീയമായ മറുപടിയാണ് സർക്കാർ നൽകിയത്.
സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയായതിനാലാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതെന്നായിരുന്നു ആദ്യ വിശദീകരണം. സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.
എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായുള്ള പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് എത്തുന്നതെന്നും നാലാം വാർഷികം സിപിഎമ്മും ബിജെപിയും ഒന്നിച്ചാണോ ആഘോഷിക്കുന്നതെന്നും ചോദിച്ചു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കൾ തിരിച്ചടിച്ചു രംഗത്ത് എത്തി.
ഇതു സർക്കാരിനും എൽഡിഎഫിനും രാഷ്ട്രീയമായി ഏറെ ക്ഷീണുണ്ടാക്കി. ഇതിനു പിന്നാലെയാണ് ഉച്ചയോടെ മന്ത്രി വി.എൻ. വാസവന്റെ കത്ത് എത്തിച്ചു പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ ശ്രമിച്ചത്. ഇതും പാളിയതോടെ ഇനി പ്രതിക്ഷ നേതാവിനെ മന്ത്രി നേരിട്ടോ ഫോണ്‍ വഴിയോ ക്ഷണിക്കുമോ എന്ന കാര്യമാണ് വ്യക്തമാകേണ്ടത്.