ഹരിപ്പാട് തെരുവുനായ ആക്രമണം; 10 പേർക്ക് കടിയേറ്റു
Wednesday, April 30, 2025 4:20 AM IST
ആലപ്പുഴ: ഹരിപ്പാട് മുതുകുളത്ത് പത്തുപേർക്ക് തെരുവു നായയുടെ കടിയേറ്റു. മുതുകുളം തെക്ക് തുളസിത്തറയിൽ ശശികല (42), തിക്കോയിക്കൽ ശശി (58), സഞ്ജു ഭവനത്തിൽ സുരേന്ദ്രൻ (58), തുളസിത്തറയിൽ ശ്രീകല (35), ഗോകുലത്തിൽ ഗീത (51), ചേലിപ്പിളളിൽ സുചിത്ര (36), ഈരിയ്ക്കൽ ഷീല (58), തഴേശ്ശേരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പൊന്നമ്മ (65), മനുനിവാസിൽ തുളസി(56), മുതുകുളം വടക്ക് ശശീന്ദ്രഭവനത്തിൽ ഗീത (55) എന്നിവർക്കാണ് കടിയേറ്റത്.
ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി. വെങ്ങാലിൽ സുനിലിന്റെ ഒരുമാസം പ്രായമുളള കാളക്കിടാവിനെയും നായ ആക്രമിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നായ ആക്രമണം തുടങ്ങിയത്. ഹൈസ്കൂൾ മുക്കിനും പരിസരത്തും, ഷാപ്പുമുക്കിനു വടക്കുഭാഗത്തുമായി ഓടിനടന്നു കടിക്കുകയായിരുന്നു. റോഡിലൂടെ പോയവരും വീടിനു മുൻപിലും നിന്നവരാണ് കടിയേറ്റവരിലധികവും.