ഡൽഹിയെ എറിഞ്ഞിട്ടു; കോൽക്കത്തയ്ക്ക് ജയം
Tuesday, April 29, 2025 11:59 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കോൽക്കത്തയ്ക്ക് ജയം. നിർണായക പോരാട്ടത്തിൽ 14 റൺസിനായിരുന്നു കോൽക്കത്തയുടെ ജയം. സ്കോർ: കോൽക്കത്ത 204/9 ഡൽഹി 190/9.
205 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടനേ സാധിച്ചുള്ളൂ. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ നിലവിലെ ചാമ്പ്യൻമാർക്ക് കഴിഞ്ഞു. 45 പന്തിൽ 62 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയാണ് ഡൽഹിയുടെ ടോപ് സ്കോറർ.
അക്സർ പട്ടേൽ 43 റൺസ് നേടി. അവസാന ഓവറുകളിൽ ഒറ്റയാൾ പോരാട്ടം നടത്തിയ വിപ്രാജ് നിഗമിന്റെ ഇന്നിംഗ്സാണ് ഡൽഹിയുടെ തോൽവി ഭാരം കുറച്ചത്. 19 പന്തുകൾ നേരിട്ട വിപ്രാജ് 38 റൺസ് നേടിയാണ് പുറത്തായത്.
കോൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റ് വീഴ്ത്തി. 44 റൺസ് നേടിയ അംഗ്കൃഷ് രഘുവൻഷിയാണ് കോൽക്കത്തയുടെ ടോപ് സ്കോറര്‍. റഹ്മാനുള്ള ഗുര്‍ബാസും സുനിൽ നരെയ്നും മികച്ച തുടക്കമാണ് കോൽക്കത്തയ്ക്ക് നൽകിയത്.
12 പന്തിൽ 26 റൺസ് നേടിയ ഗുര്‍ബാസിനെ നഷ്ടമാകുമ്പോള്‍ ടീം മൂന്ന് ഓവറിൽ 48 റൺസാണ് നേടിയത്. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും അക്സർ പട്ടേലും വിപ്രജ് നിഗവും രണ്ടുവിക്കറ്റ് വീഴ്ത്തി. സുനിൽ നരെയ്നെ കളിയിലെ താരമായി തെരഞ്ഞെടുത്തു.