പാക് അനുകൂല മുദ്രാവാക്യം; മംഗളൂരുവിൽ കൊല്ലപ്പെട്ടത് പുൽപ്പള്ളി സ്വദേശി
Tuesday, April 29, 2025 11:18 PM IST
മംഗളൂരു: ക്രിക്കറ്റ് കളിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു. വയനാട് പുൽപ്പള്ളി സ്വദേശിയായ അഷ്റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ അഷ്റഫിന്റെ സഹോദരൻ മംഗളൂരുവിലേക്ക് തിരിച്ചു.
കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 19 പേർക്കെതിരെ കേസ് എടുത്തെന്നും 15 പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.
ഏപ്രിൽ 27നാണ് ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. കുടുപ്പു സ്വദേശി ടി.സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോൾ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.