ഷൊർണൂരിൽനിന്നു കാണാതായ മൂന്ന് പെണ്‍കുട്ടികൾ കോയന്പത്തൂരിൽ
Tuesday, April 29, 2025 7:48 PM IST
പാലക്കാട്: ഷൊർണുരിൽനിന്നു കാണാതായ മൂന്നു പെണ്‍കുട്ടികളെ കോയന്പത്തൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. മൂന്നുപേരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.
16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായത്. രാവിലെ വീട്ടിൽനിന്നിറങ്ങിയ പെണ്‍കുട്ടികൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കൾ ഷൊർണൂർ പോലീസ് സ്റ്റേഷനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
ഷൊർണൂരിലെ സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന കൂനത്തറ, കൈലിയാട്, ദേശമംഗലം സ്വദേശനികളാണു കാണാതായ വിദ്യാർഥിനികൾ. ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാർഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽനിന്നു പോയത്.
പോലീസ് അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കോയന്പത്തൂരിലെ ഉക്കടമാണെന്ന് കണ്ടെത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താലാണ് നാടുവിട്ടതെന്നാണ് കുട്ടികൾ നൽകിയ പ്രാഥമിക മൊഴി.